Home Entertainment അമ്മ നേഴ്സായിരുന്ന ആശുപത്രിയില്‍ പെണ്ണുകാണാന്‍ ചെന്ന അച്ഛന്‍; അശ്വതി ശ്രീകാന്ത്

അമ്മ നേഴ്സായിരുന്ന ആശുപത്രിയില്‍ പെണ്ണുകാണാന്‍ ചെന്ന അച്ഛന്‍; അശ്വതി ശ്രീകാന്ത്

121
0
aswathy sreekanth mother

ഈ നേഴ്‌സസ് ദിനത്തില്‍ ഒരു നേഴ്സ് ആയിരുന്ന തന്റെ അമ്മയെക്കുറിച്ചാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ്. ജീവിത തിരക്കുകളില്‍ നേഴ്‌സിങ് സ്വപ്‌നങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വന്നപ്പോഴും അമ്മ ഇന്നും കൈവിടാതെ കാത്ത ആ പാഠങ്ങള്‍ക്ക് അശ്വതി നല്‍കുന്ന സല്യൂട്ട് ആണ് ഈ പോസ്റ്റ്. പോസ്റ്റ് ചുവടെ വായിക്കാം:

അമ്മ നഴ്‌സ്‌ ആയി ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ആണ് അച്ഛന്‍ അമ്മയെ പെണ്ണുകാണാന്‍ ചെന്നത്. തിരുവനന്തപുരത്തു നിന്നുള്ള ഗള്‍ഫുകാരന്റെ വിവാഹ പരസ്യം പത്രത്തില്‍ കണ്ട് അമ്മയുടെ സുഹൃത്താണ് അച്ഛന്റെ വിലാസത്തില്‍ കത്തെഴുതിയത്. ഗള്‍ഫുകാരനെ കല്യാണം കഴിച്ച്‌ കൂടെ പോകാമെന്നും അവിടെ ജോലി നോക്കാമെന്നും അമ്മ കരുതിയിട്ടുണ്ടാവും. പക്ഷേ എന്തുകൊണ്ടോ വിവാഹം അല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. വിവാഹത്തോടെ അമ്മയ്ക്ക് ആശുപത്രിയിലെ ജോലി ഉപേക്ഷിക്കേണ്ടിയും വന്നു. അമ്മ പക്ഷേ പഠിച്ചത് ഒരിക്കലും മറന്നില്ല. വാടക വീടിന്റെ അരിക് മുറിയിലെ ക്ലിനിക്കില്‍ പനിയ്ക്ക് മരുന്ന് വാങ്ങാനും മുറിവ് വച്ച്‌ കെട്ടാനും ഇഞ്ചക്ഷന്‍ എടുക്കാനും വന്നിരുന്ന ആളുകളെ കണ്ടാണ് എന്റെ ബാല്യം കണ്ണു തുറന്നിരുന്നത്. അമ്മയോട് അക്കാലത്ത് ഒരു പാരാസെറ്റമോള്‍ എങ്കിലും വാങ്ങിയിട്ടില്ലാത്ത തട്ടക്കുഴക്കാര്‍ കുറവായിരിക്കും… Betadine ന്റെയും ഡെറ്റോളിന്റെയും മണമായിരുന്നു വീടിന്… !! നഴ്സിങ് പഠിക്കുന്ന കാലത്ത് ഡെഡ്ബോഡി ഒക്കെ തൊട്ടിട്ടുണ്ടെന്ന് അമ്മ ഒരിക്കല്‍ പറഞ്ഞതില്‍ പിന്നെ ദിവസങ്ങളോളം അമ്മയുടെ കൈയില്‍ പോലും തൊടാതെ നടന്നിട്ടുണ്ട് ധൈര്യശാലിയായ ഞാന്‍.

ഇപ്പോള്‍ അച്ഛന് രണ്ടു നേരം ഇന്‍സുലിന്‍ എടുക്കുന്നതിലേയ്ക്ക് അമ്മയുടെ നഴ്സിംഗ് ചുരുങ്ങിയെങ്കിലും ഇപ്പോഴും ഞങ്ങളുടെ ആദ്യത്തെ ഡോക്ടറും നഴ്സും അമ്മയാണ്. ഒന്നാം വയസ്സില്‍ പനി കൂടി fits വന്ന എന്നെയും എടുത്ത് ആശുപത്രിയിലേയ്ക്ക് ഓടിയ അതേ ധൈര്യത്തിലാണ്, ചരിത്രം ആവര്‍ത്തിച്ച കൊച്ചുമകളെ സ്വന്തം കൈയില്‍ കോരിയെടുത്ത് അറുപതാം വയസ്സില്‍ അമ്മ ആശുപത്രിയില്‍ എത്തിച്ചത്.

ആറു മാസം മുന്‍പ് ക്ഷണിക്കാത്തൊരു അതിഥി ശരീരത്തില്‍ കയറി കൂടി, അമ്മയൊരു മേജര്‍ സര്‍ജറിയ്ക്ക് ഒരുങ്ങി ഇരിക്കുമ്ബോള്‍ ആശുപത്രിയില്‍ വച്ച്‌ എടുത്ത പടമാണിത്. അത്ര തന്നെ കൂള്‍ ആയാണ് തീയേറ്ററിലേയ്ക്ക് പോയതും. ഐ സി യു യില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്സുമാരോട് കമ്ബനി കൂടി അവരുടെ ഫോണ്‍ നമ്ബര്‍ വരെ വാങ്ങിയാണ് അമ്മ എട്ടാം ദിവസം ആശുപത്രി വിട്ടത്. അതാണ് അമ്മ…ഞങ്ങടെ സ്വന്തം നഴ്സമ്മ !നിങ്ങളൊന്ന് തൊടാതെ ആരും ഇങ്ങോട്ട് വരികയും കടന്നു പോവുകയും ഇല്ലാത്തതിനാല്‍ ഭൂമിയിലെ എല്ലാ മാലാഖമാര്‍ക്കും നന്ദി, ഒപ്പം നഴ്സസ് ഡേ വിഷസ്സ്…

LEAVE A REPLY

Please enter your comment!
Please enter your name here