മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് യുവകൃഷ്ണയും മൃദുല വിജയിയും. നടി രേഖ രതീഷിന്റെ ആലോചനയിലാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചത്. വ്യക്തിപരമായി യുവയ്ക്കും മൃദുലയ്ക്കും രേഖയുമായി അടുപ്പമുണ്ട്. ഒടുവില്‍ വീട്ടുകാര്‍ കൂടി സമ്മതം മൂളിയതോടെ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. ആറ് മാസത്തിനുള്ളില്‍ വിവാഹം ഉണ്ടാകുമെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ മൃദുല വിജയ് പറഞ്ഞത്.
ഇപ്പോള്‍ വിവാഹത്തെ കുറിച്ചും മൃദുലയെ കുറിച്ചും തുറന്ന് പറയുകയാണ് യുവകൃഷ്ണ. വിവാഹ നിശ്ചയത്തിന് ശേഷം അറ് മാസമെങ്കിലും ഗ്യാപ്പ് വേണം എന്നുള്ളത് തന്റെ ആവശ്യമായിരുന്നു. അതിന് പിന്നില്‍ ഒരു കാരണവുമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ ഓരോ ദിവസവും പ്രണയദിനങ്ങളാണെന്ന് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ യുവകൃഷ്ണ പറയുന്നു.
യുവയുടെ വാക്കുകള്‍ ഇങ്ങനെ, വീട്ടുകാര്‍ തമ്മില്‍ സംസാരിച്ച് വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് ഞങ്ങള്‍ തമ്മില്‍ പ്രണയിച്ച് തുടങ്ങിയത്. ഒരു വര്‍ഷം മുന്‍പേ പരിചയമുണ്ടെങ്കിലും ജസ്റ്റ് ഒരു ഹായ് ബൈ ബന്ധമേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ ഞങ്ങള്‍ കടുത്ത പ്രണയത്തിലാണ്. എല്ലാ ദിവസവും പ്രണയദിനങ്ങളും. വീട്ടില്‍ എനിക്ക് കല്യാണം ആലോചിച്ച് കൊണ്ടിരിക്കുന്ന കാലമായിരുന്നു. ഞാന്‍ ആഗ്രഹിച്ചത് ഒരു ആര്‍ട്ടിസ്റ്റിനെ ജീവിത പങ്കാളി ആക്കണമെന്നാണ്. എന്നാല്‍ മനസിനിണങ്ങിയ ആരെയും കണ്ടില്ല.
അതിനിടെയാണ് രേഖ ചേച്ചി മൃദുലയുടെ കാര്യം പറയുന്നത്. മൃദുലയെ കുറിച്ച് ചേച്ചിയില്‍ നിന്നും കൂടുതല്‍ അറിഞ്ഞപ്പോള്‍ ഞാന്‍ ഇംപ്രസ്ഡ് ആയി. അങ്ങനെയാണ് വീട്ടില്‍ പറഞ്ഞത്. വിവാഹനിശ്ചയത്തിനും കല്യാണത്തിനും ഇടയില്‍ ചെറിയൊരു ഇടവേള വേണമെന്ന് ഞാനാണ് നിര്‍ബന്ധം പിടിച്ചത്. പരസ്പരം മനസിലാക്കാനും അടുക്കാനും കുറച്ച് സമയം വേണം. ആറ് മാസം കഴിഞ്ഞ് മതി കല്യാണം എന്ന് തീരുമാനിച്ചു. എല്ലാവര്ക്കും അത് സമ്മതവുമായിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ പ്രണയകാലമാണ്.
മുന്‍പും എന്റെ ജീവിതത്തില്‍ പ്രണയങ്ങളും പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. അതിലൊന്നും ഒരു കുറവുമില്ല. പല കാലങ്ങളിലായി സീരിയസായ നാല് പ്രണയമുണ്ടായിരുന്നു. എല്ലാം ബ്രേക്ക് അപ് ആയി. ഓരോന്നിനും പല കാരണങ്ങളായിരുന്നു. വീട്ടുകാരെ വേദനിപ്പിച്ച് ഓടി പോയി കല്യാണം കഴിച്ച് ജീവിക്കാന്‍ താല്പര്യം ഉണ്ടായിരുന്നില്ല. അതൊക്കെ മൃദുലയ്ക്കും അറിയാം. ഈ പ്രണയങ്ങളെ കുറിച്ച് മാത്രം സംസാരിക്കുന്ന ഒരു വീഡിയോ യൂട്യുബില്‍ ഉണ്ട്. മൃദുലയ്ക്ക് അറിയാത്തതായി അല്ലെങ്കില്‍ മൃദുലയോട് ഒളിപ്പിച്ച് വച്ച് മുന്നോട്ട് കൊണ്ട് പോകേണ്ടതായി എന്റെ ജീവിതത്തില്‍ ഒന്നുമില്ല.
കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഒരു സിംഗില്‍ ലൈഫ് ആസ്വദിക്കുകയായിരുന്നു ഞാന്‍. അതിനിടെയാണ് വിവാഹം തീരുമാനിക്കുന്നത്. പ്രണയദിനത്തില്‍ ഞങ്ങള്‍ തമ്മില്‍ കാണാന്‍ സാധ്യതയില്ല. രണ്ട് പേരും രണ്ടിടത്തായി ഷൂട്ടിങ് തിരക്കിലാകും. അതുകൊണ്ട് ഞങ്ങള്‍ നേരത്തെ കണ്ട് പ്രണയദിന സമ്മാനം കൈമാറി കഴിഞ്ഞു. തിരക്കൊഴിഞ്ഞ ശേഷം വീണ്ടും കാണും.